കേരളക്കരയടങ്ങുന്ന തെക്കുകിഴക്കന്‍ ഏഷ്യയിലും,യമന്‍, അറേബ്യ, ശ്യാം, തുടങ്ങിയ പ്രദേശങ്ങളിലും കൂടുതലായി പ്രചാരത്തിലുള്ള ആലു സഖാഫ് എന്ന പ്രവാചക സരണി ചേര്‍ക്കപ്പെടുന്നത് ഹളര്‍മൗത്തിലെ ബാഅലവി സരണിയിലെ പ്രഗല്‍ഭ സൂഫിവര്യനായ സയ്യിദ് മുഹമ്മദ് മൗലദ്ദവീല(റ)യുടെ മകനായ സയ്യിദ് അബ്ദുറഹ്മാന്‍ സഖാഫ്(റ) എന്നവരിലേക്കാണ്. വീടിന്റെ മേല്‍ക്കൂരക്ക് സമാനമായി എല്ലാ ഔലിയാക്കള്‍ക്കും മേലെ പദവിയുടെ 'തട്ട് വിരിച്ചയാള്‍' എന്ന അര്‍ത്ഥത്തിലാണ് സഖാഫ് എന്ന് വിളിക്കപ്പെടുന്നത്.
ഹിജ്‌റ 739 ഹളര്‍മൗത്തിലെ തരീമില്‍ ജനിച്ച മഹാനവര്‍കളുടെ ഉമ്മ ആയിഷ ബിന്‍ത് അബീ ബകര്‍നല്‍ വറഅ് ബ്‌നു അഹ്മദ് ബ്‌നു ഫഖീഹ് അല്‍ മുഖദ്ദം എന്നവരായിരുന്നു.
പിതാവ് സയ്യിദ് മുഹമ്മദ് മൗലദ്ദവീല(റ) ഹളര്‍മൗത്തിലെ ഔലിയാക്കള്‍ക്കിടയിലെ സുല്‍ത്താനായിരുന്നു എന്ന് ശൈഖ് അഹ്മദ് ബിന്‍ യമാനി തന്റെ 'അശ്ശിഅര്‍' എന്ന ഗ്രന്ഥത്തില്‍ പറഞ്ഞതായി കാണാം. കൂടാതെ ഇരുപത് വര്‍ഷക്കാലം ഇശാഅ് നിസ്‌കാരത്തിന് വേണ്ടി എടുത്ത വുളൂഹ് കൊണ്ട് തന്നെ സുബ്ഹ് നിസ്‌കരിക്കുക, കൊടുംചൂട് കാലത്തും നാല്‍പത് ദിവസം മുടങ്ങാതെ വ്രതമനുഷ്ഠിക്കുക മുതലായ പല സംഭവങ്ങളും പിതാവിന്റെ മഹത്വം വ്യക്തമാക്കുന്നതായുണ്ട്.
പിതാവിന് മൗലദ്ദവീല എന്ന പേര് വരാന്‍ കാരണം മകന്‍ അബ്ദുറഹ്മാന്‍ സഖാഫ് തങ്ങള്‍ 'യബ്ഹര്‍' എന്ന പേരില്‍ പണിത പുതിയ ഗ്രാമത്തിന്റെ ഉടമസ്ഥന്‍ എന്ന നിലക്കായിരുന്നു എന്ന് ചില റിപ്പോര്‍ട്ടുകളി രേഖപ്പെടുത്തിയിട്ടുണ്ട്.
ഹുസൈനീ പരമ്പരയിലുള്ള ഇവര്‍ പ്രവാചക പുങ്കവരുടെ ഇരുപത്തി ഒന്നാമത്തെ പേരമകനാണ്. ചില റിപ്പോര്‍ട്ടുകളില്‍ 19 എന്നും കാണാം. ഇല്‍മിനും അദബിനും പ്രാമുഖ്യം നല്കിയിരുന്ന അബ്ദുറഹ്മാന്‍ സഖാഫ് തങ്ങള്‍ കൃഷിപ്പണി കൈത്തൊഴില്‍ മുതലായവയും ഇഷ്ടപ്പെട്ടിരുന്നു.
മഹാനവര്‍കള്‍ക്ക് ഒരുപാട് ഈന്തപ്പന തോട്ടങ്ങളുണ്ടായിരുന്നു എന്നതും, ഈ ഈന്തപ്പന തോട്ടങ്ങളില്‍ വിളവ് നോക്കിക്കൊണ്ടിരിക്കെ സൂറത്ത് യാസീനും വിളവെടുപ്പ് പൂര്‍ത്തിയായാല്‍ ഒരു ഖത്മും ഓതിയിരുന്നു എന്നതും തങ്ങളവര്‍കളുടെ കൃഷിയോടും ഇബാദത്തിനോടുമുള്ള ത്വരയെ സൂചിപ്പിക്കുന്നുണ്ട്.
ഇത്തരം കൃഷികളിലൂടെയും മറ്റും കൈവന്ന സമ്പത്ത് മഹാനവര്‍കള്‍ ആവശ്യക്കാര്‍ക്ക് ദാനം ചെയ്യുവാനും, ഹളര്‍മൗത്തിലെ വ്യത്യസ്ത ഭാഗങ്ങളിലായി പത്തോളം പള്ളികള്‍ സ്ഥാപിക്കുവാനും കൂടാതെ ഈ പള്ളികള്‍ക്ക് അടുത്തുള്ള സ്വന്തം സ്ഥലങ്ങള്‍ പള്ളിക്ക് വേണ്ടി വഖ്ഫ് ചെയ്യാനും വിനിയോഗിച്ചു.
ഇക്കൂട്ടത്തില്‍ ഹിജ്‌റ 768ല്‍ പണികഴിപ്പിച്ച ആദ്യ പള്ളി 'മസ്ജിദുസ്സഖാഫ്' എന്ന പേരില്‍ തരീമിലാണ് സ്ഥിതി ചെയ്യുന്നത്.
വിദ്യാലോകം
സയ്യിദ് അബ്ദുറഹ്മാന്‍ അസ്സഖാഫ് തങ്ങളുടെ പ്രാഥമിക പഠനവും, ഖുര്‍ആന്‍ പഠനവും ശൈഖുല്‍ അല്ലാമ മുഹമ്മദ് ബ്‌നു മുഹമ്മദ് അല്‍ ഖത്തീബില്‍ നിന്നായിരുന്നു. ശൈഖ് മുഹമ്മദ് ഖസ്സാമി, ഇമാമുല്‍ മദ്ഹബ് ശൈഖ് മുഹമ്മദ് അല്‍ അബൂ ഇസ്ഹാഖ് എന്നവരില്‍ നിന്ന് കര്‍മ്മ ശാസ്ത്രം, മദ്ഹബ് ചര്‍ച്ചകള്‍ തുടങ്ങിയവയും, തരീമിലെ വിഖ്യാത പണ്ഡിതനായ ശൈഖ് അല്ലാമ സയ്യിദ് മുഹമ്മദ് ബ്‌നു അലവി ബ്‌നു അഹ്മദ് ബ്‌നു മുഹമ്മദ് ഫാഖ്വീഹുല്‍ മുഖദമില്‍ നിന്നും മറ്റു നിരവധി ഗ്രന്ഥങ്ങളും ഹൃദ്യസ്തമാക്കി.
തുടര്‍ന്ന് 'ഫീല്‍ ' എന്ന സ്ഥലത്തേക്ക് യാത്ര തിരിച്ച് ഖാളി ശൈഖ് മുഹമ്മദ് ബ്‌നു സഅദ് ബാ സകീന്‍, ശൈഖുല്‍ ഇസ്ലാം മുഹമ്മദ് ബ്‌നു അബൂബക്കര്‍ ബാ ഇബാദ് എന്നിവരില്‍ നിന്നും തത്വശാസ്ത്രം, ഗോള ശാസ്ത്രം, എന്നിവയില്‍ അവഗാഹം നേടി. പിന്നീട് ഫീലില്‍ നിന്നും അദ്‌നാന്‍ ദേശത്തേക്ക് യാത്ര തിരിക്കുകയും അവിടെ നിന്ന് ഖാളി മുഹമ്മദ് ബ്‌നു സഈദിന്റെ പക്കല്‍ ചെന്ന് നഹവ്, സ്വറഫ്, ഇല്‍മുല്‍ മആനീ, ഇല്‍മുല്‍ ബയാന്‍, തഫ്‌സീര്‍, ഹദീസ്, ഇല്‍മുല്‍ മഅകൂല്‍ എന്ന ഫന്നുകളില്‍ പ്രാവീണ്യം നേടുകയും ചെയ്തു.
ഇനി മഹാനുഭാവന്റെ സഹചാരികളായ പ്രമുഖ പണ്ഡിതന്‍മാരെ നോക്കുകയാണെങ്കില്‍ ശൈഖ് അലിയ്യുബ്‌നു സാലിം, ഇമാം അലിയ്യുബ്‌നു സഈദ്, ഇമാം അബൂ ബകര്‍ ബ്‌നു ഈസ, യസീദ്, ശൈഖുല്‍ ഇമാം ഉമര്‍ബിന് സഈദ്, മുസാഹിമുബിന് അഹ്മദ് ജാസിര്‍, അബ്ദുല്ലാഹി ബ്‌നു ത്വാഹിര്‍ എന്നിവര്‍ അവരില്‍ പ്രധാനികളാണ്.
കൂടാതെ തങ്ങളവറുകള്‍ക്കും ശൈഖ് ഫള്ല്‍ ബ്‌നു അബ്ദുല്ല ബാ ഫള്ല്‍ (റ) തങ്ങള്‍ക്കുമിടയില്‍ ഹൃദ്യമായ ഹൃദയബന്ധമുണ്ടായിരുന്നു എന്ന് കാണാം.
മഹാ ജ്ഞാനിയായിരുന്ന സഖാഫ് തങ്ങള്‍ക്ക് ഒരുപാട് ശിഷ്യന്‍മാരും ഉണ്ടായിരുന്നു. സഹോദര സന്തതികളായ സയ്യിദ് അബൂദ്, സയ്യിദ് ഹസന്‍ അബൂ ബകര്‍ ബ്‌നു അലവി, ഷൈബത്, ശൈഖ് മുഹമ്മദ് ബ്ന്‍ ഫസല്‍ , ഐദീദ് ബ്‌നു അലിയ്യില്‍ ഖത്വീബ്, ശൈഖ് സുഐബ് ബ്‌നു അബ്ദുല്ലാഹില്‍ ഖത്വീബ്, ശൈഖ് അബൂ ബകര്‍ ബാ ഹറമി, ശൈഖ് അബ്ദുല്ല ബ്‌നു അഹ്മദ് ബ്‌നു അലിയ്യിബ്‌നു മുസ്ലിം, ശൈഖ് വലിയ്യുല്‍ ഈസ, അല്‍ ഇമാം അഹ്മദ് ബ്‌നു അലിയ്യ് അല്‍ ഹസ്ബാനി, ബാ ശറാഹീ, ശൈഖ് ഫഖിഹ് മുഹമ്മദ് ബ്‌നു മആഫി, ബാ അന്‍തര്‍, എന്നിവര്‍ അവരില്‍ ചിലരാണ്. തങ്ങളവറുകളെ പറ്റി 'കുത്ബ് അത്തറാജിം ' പറഞ്ഞത് തങ്ങള്‍ സമയം ഒരിക്കലും വെറുതെ പാഴാക്കാതെ കൃത്യമായി ചിലവഴിച്ച ഒരാളായിരുന്നു എന്നാണ്.
ആവര്‍ത്തിച്ചുള്ള മുത്വാലഅ കാരണം സയ്യിദര്‍ അബൂ ഹാമിദ് അല്‍ ഗസ്സാലിയുടെ (റ) വജീസ് മനഃപാഠമാക്കാന്‍ വരെ അടുത്തിരുന്നു എന്നാണ് പറയപ്പെടുന്നത്. ഇല്‍മുശരീഅയില്‍ മാത്രം അന്പതോളം കിതാബുകള്‍ മഹാനര്‍ പഠിച്ചിട്ടുണ്ട്.
സഖാഫ് കുടുംബം
ബാ അലവി സാദാതീങ്ങളില്‍ പ്രമുഖനായ പ്രവാചക തിരുമേനിയുടെ ഇരുപതാമത്തെ, (ചില റിപ്പോര്‍ട്ടുകള്‍പ്രകാരം ഇരുപത്തിരണ്ടാമത്തെ), പേരമകനായ സയ്യിദ് അബ്ദുറഹ്മാന്‍ സഖാഫ് തങ്ങളിലേക്ക് ചേര്‍ത്തിയിട്ടാണ് ആലു സഖാഫ് എന്ന് പറയുന്നതെന്ന് സൂചിപ്പിച്ചുവല്ലോ. എന്നാല്‍ സഖാഫ് പരമ്പര തന്നെ വീണ്ടും പല ഉപവിഭാഗങ്ങളുമാകുന്നുണ്ട്. ആലു ശിഹാബ്, ആലു ഐദറൂസ്, ആലു ശൈഖ് അബൂ ബകര്‍ ബിന്‍ സാലിം, ആലു അത്താസ്, എന്നിവര്‍ അവയില്‍ പെടുന്നതാണ്. സയ്യിദ് അബ്ദുറഹ്മാന്‍ സഖാഫ് തങ്ങള്‍ക്ക് സയ്യിദത് ബഹിയ്യത് ബിന്‍ത് അലിയ്യ്, സയ്യിദത് ആയിഷ ബിന്‍ത് യഹിയ, സയ്യിദത് മറിയം, സയ്യിദത് ഉവൈസ ബിന്‍ത് അലിയ്യ് എന്നിങ്ങനെ തരീംകാരും അല്ലാത്തവരുമായി നാലു ഭാര്യമാരുണ്ടായിരുന്നു. ഇവരില്‍ നിന്നും മഹാനുഭാവന് 13 ആണ്‍മക്കളും 7 പെണ്‍മക്കളും പിറന്നു.
ഇവരില്‍ പെണ്മക്കള്‍ :
സയ്യിദത് മര്‍യം, സയ്യിദത് ഫാത്തിമ, സയ്യിദത് ബഹിയ്യത്, സയ്യിദത് അസ്മാ, സയ്യിദത് ആയിഷ, സയ്യിദത് അലവിയ്യത്തുല്‍ കുബറ, സയ്യിദത് അലവിയ്യത്തുല്‍ ബുഷ്‌റ എന്നിവരും
ആണ്‍ മക്കള്‍ : സയ്യിദ് അഹ്മദ്, സയ്യിദ് ശൈഖ് മുഹമ്മദ്, സയ്യിദ് അബൂബക്കര്‍ സക്‌റാന്‍, സയ്യിദ് ഉമറുല്‍ മുഹ്ലാര്‍, സയ്യിദ് അലിയ്യ്, സയ്യിദ് അലവിയ്യ്, സയ്യിദ് അബ്ദുല്ല, സയ്യിദ് ശൈഖ്, സയ്യിദ് ഉകൈല്‍, സയ്യിദ് ജഹ്ഫര്‍, സയ്യിദ് ഹസന്‍, സയ്യിദ് ഇബ്രാഹീം, സയ്യിദ് ഹുസൈന്‍(റ ) എന്നിവരുമാണ്.
സഖാഫ് സരണിയില്‍ നിന്ന് പിന്നീട് ഉടലെടുത്ത മറ്റു ലകബുകളെ മുന്‍പ് നാം പ്രതിപാദിച്ചല്ലോ. എന്നാല്‍ അത്തരം ലകബുകള്‍ പിന്നീട് കൈവരിക്കാത്ത സരണികള്‍ വേറെയും പല കുടുംബങ്ങളായി മാറുന്നത് കാണാം. അവയില്‍ ചിലതാണ്, ആലു ബാ ഹുസൈന്‍ സഖാഫ്, ആലു മക്‌നൂന്‍ അസ്സഖാഫ്, ആലു റവ്ശ് അസ്സഖാഫ്, ആലു ബാ ഉകൈല്‍ അസ്സഖാഫ്, ആലു ഇബ്ന്‍ ഇബ്രാഹിം അസ്സഖാഫ്, ആലു ഇബ്ന്‍ ഇസ്മായില്‍ അസ്സഖാഫ്, ആലു സ്വാഫി അസ്സഖാഫ്, ആലു ഉബൈദുല്ല അസ്സഖാഫ്, ആലു ഖാളി അസ്സഖാഫ്, ആലു ബാ നുഫൈല്‍ അസ്സഖാഫ്, ആലു മുനവ്വര്‍ അസ്സഖാഫ് മുതലായവ. ഇനി ആലു സഖാഫ് സരണിയിലെ പ്രബുദ്ധരായ വ്യക്തിത്വങ്ങളെക്കുറിച്ചു പറയുമ്പോള്‍ അവരില്‍ ഒന്നാമന്‍ സഖാഫ് ഖബീലയുടെ പിതാമഹന്‍ എന്നറിയപ്പെടുന്ന അബ്ദുറഹ്മാന്‍ അസ്സഖാഫ് തങ്ങള്‍ തന്നെയാണ്.
സയ്യിദ് അഹ്മദ് അലവി അല്‍ സഖാഫ് എന്നിവര്‍ ജോര്‍ദാന്‍ വിദ്യാഭ്യാസ മന്ത്രിയും, ഖാളിമാരുടെ നേതാവുമായിരുന്നു. ലിഫാരിലെ ഹാക്കിമും, അമീറുമായിരുന്ന മുഹമ്മദ് ബ്‌നു ഇക് യാന്‍ അസ്സഖാഫ് യമനിലെ പ്രസിദ്ധ ദീനീ പണ്ഡിതനായ അബ്ദുല്‍ ഖാദിര്‍ അസ്സഖാഫ്, സൗദി വിദേശമന്ത്രി ഉമര്‍ അബ്ബാസ് അലവി അസ്സഖാഫ് എന്നിവര്‍ അവരില്‍ ചിലരാണ്.
സയ്യിദ് അബ്ദുറഹ്മാന്‍ സഖാഫ് തങ്ങളുടെ സംസാരം വളരെ മനോഹരവും കുറഞ്ഞവാക്കുകളില്‍ കൂടുതല്‍ ആശയം നിറഞ്ഞതുമായിരുന്നു. അത്തരം വാക്കുകളില്‍ പെട്ടതാണ് :
വിര്‍ദില്ലാത്തവര്‍ കുരങ്ങുതുല്യരാണ് എന്നത്. ദിക്‌റുകളില്ലാത്തവന്‍ ഒരു ദകര്‍ ആവുകയില്ല (ആണ് ). ഇഹ് യ മുത്വാലഅ ചെയ്യാതവനില്‍ ജീവന്‍ തുടിക്കുകയില്ല എന്നിവയെല്ലാം.
വ്യക്തിജീവിതം
അബ്ദുറഹ്മാന്‍ സഖാഫ് തങ്ങളുടെ (റ) വ്യക്തിജീവിതം ആത്മീയതയില്‍ ചാലിച്ചതായിരുന്നു. മഹാനവര്‍കള്‍ തനിച്ചിരിക്കലിനെ കൂടുതല്‍ ഇഷ്ടപ്പെടുന്ന, പ്രശസ്തിയെ വെറുക്കുന്ന സ്വഭാവക്കാരനായിരുന്നു. ഇത്തരമൊരു ഒഴിഞ്ഞിരിക്കലിന്റെ ഭാഗമായി മഹാനുഭാവന്‍ ഹൂദ് നബി(അ)യുടെ മഖ്ബറ സന്ദര്‍ശിക്കുകയും അവിടെ ഒരുമാസത്തോളം ഖുര്‍ആനിലായി സമയം ചിലവഴിക്കുകയും ചെയ്തിരുന്നു. തന്റെ വ്യക്തി ജീവിതത്തെ പറ്റി ശിഷ്യന്‍ അലി ബിന്‍ മുഹമ്മദ് അല്‍ ഖത്തീബ് പറയുന്നത്, മഹാനര്‍ നിത്യേന നാല് ഖത്മ് രാവിലെയും നാല് ഖത്മ് രാത്രിയിലും ഓതിയിരുന്നു എന്നാണ്. സുബ്ഹിക്കും ളുഹ്‌റിനും ഇടയില്‍ രണ്ട്, ളുഹ്‌റിനും അസറിനും ഇടയില്‍ ഒന്ന്, അസറിന് ശേഷം ഒന്ന്, എന്ന രീതിയില്‍ ആയിരുന്നു മഹാനവര്‍കള്‍ പകല്‍ ഓതിയിരുന്നത് എന്ന് കാണാം.
ജീവിതം ആരാധനകള്‍ക്കായി നീക്കിവെച്ച തങ്ങളവര്‍കള്‍ രാത്രിയെ മൂന്നാക്കി തിരിച്ച് ഒരു ഭാഗം ഗ്രന്ഥ പാരായണത്തിനും, ഒരു ഭാഗം ഉറക്കത്തിനും, ബാക്കി ഭാഗം ഖുര്‍ആന്‍ പാരായണത്തിനും ചിലവഴിക്കുക എന്ന ചര്യ മരണംവരെ നിലനിര്‍ത്തിയിരുന്നു. ഹജ്ജ് യാത്രയും മക്കയില്‍ വെച്ചുള്ള മരണവും മഹാനവര്‍കള്‍ ഒരുപാടുപേരോട് പങ്കുവെച്ച ഒരു ആഗ്രഹമായിരുന്നു, എന്നാല്‍ ഒരിക്കല്‍ റസൂലുല്ലാഹിയെ(സ്വ) സ്വപ്നം കാണുകയും
നബിതങ്ങള്‍ ഒരുകൂട്ടം സ്വഹാബാക്കളുടെയും ഔലിയാക്കളുടെയും അകമ്പടിയോടുകൂടി തന്റെ അരികില്‍ എത്തുകയും കൂടെ ഹജ്ജ് നടത്തുകയും, ശേഷം ഹളര്‍മൗതിലേക്ക് മടങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നതായിരുന്നു സ്വപ്നം. ഒടുക്കം റസൂല്‍ (സ്വ) പറഞ്ഞുവത്രേ 'നിങ്ങളുടെ സ്ഥാനം ഹളര്‍മൗത്താണ് അവിടേക്കാണ് അള്ളാഹു നിങ്ങളെ നിയോഗിച്ചിരിക്കുന്നത്, നിങ്ങള്‍ കര്‍ത്തവ്യത്തി ഭംഗിയായി മുന്നേറിയാലും'. പിന്നീട് ഹിജ്‌റ 819 ശഅ്ബാന്‍ ഏഴിന്, (ഇരുപത്തി മൂന്ന് എന്നും അഭിപ്രായമുണ്ട്) വ്യാഴാഴ്ച്ച ദിവസം മഹാനര്‍ മരണപ്പെടുന്നതും ഹളര്‍ മൗത്തിലെ സമ്പല്‍ മഖ്ബറയിലാണ്. പ്രസ്തുത സമ്പല്‍ മഖ്ബറയെക്കുറിച്ച് മഹാനവര്‍കള്‍ പറഞ്ഞിരുന്നത് ഇപ്രകാരമായിരുന്നു: തരീം പട്ടണത്തിലെ സമ്പല്‍ എന്ന പ്രദേശത്തു മാത്രം പതിനായിരത്തില്‍ പരം വലിയ്യ്മാരായ അലവി സയ്യിദുമാര്‍ മറമാടപ്പെട്ടിട്ടുണ്ട്, അവരില്‍ 80 സയ്യിദുമാരായ ഖുത്തുബുകളെതന്നെ എനിക്കറിയാമെന്നായിരുന്നു.
ശനാഫ് കൂടല്ലൂര്‍

COMMENTS